കാഞ്ഞിരപ്പുഴ: ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാഞ്ഞിരപ്പുഴ കാഞ്ഞിരം ചെട്ടി പള്ളി ഷണ്മുഖന്റെ മകൻ രാജേഷ് (31) ആണ് മരിച്ചത്. പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വ്യാഴാഴ്ച വൈകീട്ട് നാലരക്ക് യുവാവ് സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ പൊറ്റശ്ശേരി അരിമ്പ്ര രവീന്ദ്രനെ (64) മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാവിന്റെ മൃതദേഹം മണ്ണാർക്കാട് ആശുപത്രിയിൽ. മരിച്ച യുവാവ് പള്ളിക്കുറുപ്പ് കുണ്ട് കണ്ടം ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഭാര്യ: ഐശ്വര്യ. മക്കൾ: അൻഷിത, അന്ദ്രിക.