ചാലക്കുടി: മേലൂരിൽ ഓട്ടോ ഡ്രൈവറെ ബ്യൂട്ടെയ്ൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പൂലാനി ബിയർ കമ്പനിക്ക് സമീപം കോഴിപ്പുറത്ത് തങ്കപ്പന്റെ മകൻ അനിൽകുമാർ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.20ഓടെയാണ് സംഭവം. വീടിനകത്തുനിന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് മുറിയിൽ പ്രവേശിച്ചപ്പോൾ അനിൽ കുമാറിനെ തറയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സിഗരറ്റ് ലാംപുകളിൽ നിറക്കുന്ന ലായിനിയായ ബ്യൂട്ടെയ്ൻ ഗ്യാസ് സിലിണ്ടർ കടിച്ചു പൊട്ടിച്ച് ഇയാൾ സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തല ഭാഗികമായി തകർന്നിരുന്നു. ചാലക്കുടി സൗത്ത് ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യയും കുട്ടികളും കുറച്ചു ദിവസങ്ങളായി വീട്ടിൽ ഇല്ലായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്ന് കരുതുന്നു. മാതാവ്: മണി. കൊരട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.