കുട്ടനാട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്ത് ഏഴാം വാർഡിൽ പുല്ലങ്ങടി ഹോളിക്രോസ് പള്ളിക്ക് സമീപത്തെ കടവിൽ കാണാതായ ചമ്പക്കുളം പുല്ലങ്ങടി കുമാരുപറമ്പിൽ രജീഷ് ലാലിന്റെ ഭാര്യയും ആലപ്പുഴയിൽ ഇറിഗേഷൻ വകുപ്പ് ജീവനക്കാരിയുമായ യമുനയുടെ (33) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ച നാലിനാണ് യമുനയെ വീട്ടിൽനിന്ന് കാണാതായത്. കടവിൽ ഇവരുടെ ചെരിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് പമ്പയാറ്റിൽ തിരച്ചിൽ നടത്തിയത്. ഉച്ചക്ക് 1.30ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തകഴി അഗ്നിരക്ഷാനിലയം അസി. സ്റ്റേഷൻ ഓഫിസർ എസ്.സുരേഷിന്റെ നേതൃത്വത്തിൽ ആലപ്പുഴ നിലയത്തിലെ സ്കൂബാ ടീം അംഗങ്ങളായ പി.എഫ്. ലോറൻസ്, കെ.ആർ. അനീഷ്, കെ.എസ്. ആന്റണി, തകഴി നിലയത്തിലെ സ്കൂബാ ഡ്രൈവർ യു. സുമേഷ്, ഹോം ഗാർഡ് പി.കെ. പ്രദീപ് കുമാർ എന്നിവർ മണിക്കൂറുകളോളം നദിയിൽ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേന ഓഫിസർമാരായ ടി.എൻ. കുഞ്ഞുമോൻ, പി.പി. പ്രശാന്ത്, പി.പി. മഹേഷ്, ആർ.രതീഷ് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. നെടുമുടി പൊലീസ് സ്റ്റേഷൻ എസ്.ഐ എം.ജെ. ദേവസ്യയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.