മഞ്ചേരി: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന സി.എ വിദ്യാർഥിനി മരിച്ചു. ടാക്സ് പ്രാക്ടീഷനറും സത്യസായി സേവ സംഘടന ജില്ല പ്രസിഡന്റുമായ ചെങ്ങര ചന്ദനത്തിൽ രാജുവിന്റെ ഏക മകൾ ചന്ദനയാണ് (18) മരിച്ചത്.തൃശൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 17ന് രാത്രിയായിരുന്നു അപകടം. ചെന്നൈയിൽ വിദ്യാർഥിനിയായ ചന്ദന വിഷു അവധിക്ക് നാട്ടിൽ വന്ന് തിരിച്ചു പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ചെന്നൈയിലേക്ക് ടിക്കറ്റെടുത്തശേഷം മറ്റൊരു ട്രെയിനിൽ മാറിക്കയറി. ട്രെയിൻ ചലിച്ചു തുടങ്ങിയ ശേഷമാണ് ട്രെയിൻ മാറിയ വിവരം അറിഞ്ഞത്. ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് പരിക്കേൽക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: അമ്പിളി (കാരക്കുന്ന് ജി.എച്ച്.എസ്.എസ് അധ്യാപിക).