എരുമേലി: നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപെട്ട് വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥിനിയും ആലപ്പുഴ രാമങ്കരി സ്വദേശിനിയുമായ തിരുവാതിര വീട്ടിൽ അനുപമ മോഹനനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊക്കയാർ നാരകംപുഴ സ്വദേശി ഓലിക്കപ്പാറയിൽ നൗഷാദിന്റെ മകൻ അമീറിന് (21) ഗുരുതര പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ എരുമേലി - കാഞ്ഞിരപ്പള്ളി റോഡിൽ അമ്പലവളവിന് സമീപമാണ് അപകടം. വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇളപ്പുങ്കൽ അബ്ദുൽ ജബ്ബാറിന്റെ വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തേക്ക് മറിയുകയായിരുന്നു. ഇരുമ്പുഗേറ്റിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഇവർക്കൊപ്പം മറ്റ് രണ്ട് ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ഉടൻ ഇരുവരെയും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അനുപമ മരിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.