മലപ്പുറം: സുഹൃത്തുക്കൾക്കൊപ്പം കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പടിഞ്ഞാറ്റുംമുറി പൊട്ടിക്കടവത്ത് ഹരിദാസന്റെ മകനും പട്ടാമ്പിയിൽ പോളിടെക്നിക് കോളജ് വിദ്യാർഥിയുമായ അഭിനവ് ദാസ് (18) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 6.30ഓടെ മലപ്പുറം മുണ്ടുപറമ്പ് കരുവാള മുഴിക്കൽ കടവിൽ മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോഴാണ് അപകടം. നാട്ടുകാരും മുണ്ടുപറമ്പിൽനിന്ന് അഗ്നിരക്ഷ സേനയുമെത്തി മുങ്ങിയെടുത്ത് കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശ്യാമള. സഹോദരി: അഞ്ജന ദാസ്.