തീക്കോയി: ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ സമാന്തരപാതയായ മംഗളഗിരി-ഒറ്റയീട്ടി റോഡിലെ മഞ്ഞപ്പാറയിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് തീക്കോയി നമ്പുടാകത്ത് ജോയി ആന്റണിയുടെ മകൻ സുനീപ് (30) മരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ഒറ്റയീട്ടിയിലെ ബന്ധുവീട്ടിലേക്ക് പോകുവായിരുന്നു സുനീപ്. മഞ്ഞപ്പാറയിൽ റോഡ് കുഴിയിൽ ചാടി നിയന്ത്രണവിട്ട കാർ വലതുവശത്തെ തിട്ടയിൽ ഇടിച്ചതിനുശേഷം ഇടതുവശത്തെ കൊക്കയിലേക്ക് മറിഞ്ഞു. സുനീപ് മാത്രമാണ് കാറിലുണ്ടായിരുന്നത്. 400 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പ്രദേശവാസികളായ തൊഴിലാളികളാണ് കാറിൽനിന്ന് സുനീപിനെ പുറത്തെടുത്തത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സുനീപിന്റെ മാതാവ്: ലില്ലിക്കുട്ടി. സഹോദരങ്ങൾ: സുമോദ്, സുബീഷ്.