കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം മണിമലയാറ്റിലെ കരിമ്പുകയം ചെക്ക്ഡാമിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലി വാറ്റുപുരക്കൽ ലാലിച്ചന്റെ മകൻ മനു തോമസാണ് (19) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് പൊൻകുന്നത്തെ പെട്രോൾ പമ്പിൽനിന്ന് ജോലികഴിഞ്ഞ് മടങ്ങിയ യുവാവിനെക്കുറിച്ച് വിവരം ഇല്ലായിരുന്നു. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ബുധനാഴ്ച കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ കരിമ്പുകയം ചെക്ക്ഡാമിൽ മൃതദേഹം പൊങ്ങിയതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷ ഉദ്യോഗസ്ഥരായ സനൽ, ഷാരോൺ, ഡിനു കൃഷ്ണൻ, ജോയി ദാസ് എന്നിവർ മൃതദേഹം കരക്കെത്തിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ടോടെ മേപ്പാറ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ്: പരേതയായ ഷിലു. ഏക സഹോദരി: മഞ്ജു (പ്ലസ് വൺ വിദ്യാർഥിനി, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്.എസ്.എസ്).