അലനല്ലൂർ: കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാത പാലക്കാഴിക്കുസമീപം സ്കൂട്ടർ മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അലനല്ലൂരിലെ ആറാട്ടുതൊടി അബ്ദുസ്സലാമിന്റെ മകൻ റിഹാനാണ് (14) മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പാലക്കാഴിയിൽനിന്ന് അലനല്ലൂരിലേക്ക് വരുന്നതിനിടെ റിഹാൻ സഞ്ചരിച്ച സ്കൂട്ടർ പാലക്കാഴി റേഷൻ കടക്കുസമീപത്തെ വളവിൽ നിയന്ത്രണംവിട്ട് സമീപത്തെമരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഹാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി നെച്ചിക്കോട്ടിൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് അദിനാൻ (13), പാലക്കാഴിയിലെ കൂരിക്കാടൻ അൻവർ ഷാജിയുടെ മകൻ മുഹമ്മദ് ഷാദിൽ (15) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ റിഹാന്റെ ബന്ധുക്കളാണ്. റിഹാൻ അലനല്ലൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സാജിദ. സഹോദരങ്ങൾ: ഷാമില ഷെറിൻ, റംസാൻ, റന്ന. അലനല്ലൂർ മണ്ടത്തുപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.