ആലുവ: ആലുവയിൽ വ്യാഴാഴ്ച ട്രെയിൻതട്ടി മരിച്ച വീട്ടമ്മയെയും പെരിയാറിൽ ചാടി മരിച്ച യുവാവിനെയും തിരിച്ചറിഞ്ഞു. കുഴിവേലിപ്പടി പുത്തൻവീട്ടിൽ മഞ്ജു (42), പുക്കാട്ടുപടി താഴത്ത് ശ്രീകാന്ത് (39) എന്നിവരാണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മഞ്ജുവിനെ വ്യാഴാഴ്ച വൈകീട്ട് ആറോടെ ആലുവ ഗാരേജ് ലെവൽക്രോസ് പരിസരത്താണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അരമണിക്കൂറിനകം ശ്രീകാന്ത് മാർത്താണ്ഡവർമ പാലത്തിൽനിന്നാണ് പെരിയാറിലേക്ക് ചാടിയത്. ഇയാൾക്കുവേണ്ടി രാത്രി വൈകിവരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ കുഞ്ഞുണ്ണിക്കരയിലെ മുങ്ങൽവിദഗ്ധരുടെ സഹായത്താലാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്. ഇരുവരും സ്കൂട്ടറിൽ ഒരുമിച്ച് സഞ്ചരിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. മഞ്ജുവിന്റേതെന്ന് കരുതുന്ന സ്കൂട്ടറിന്റെ താക്കോൽ യുവാവ് പുഴയിലേക്ക് ചാടിയ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ഭർത്താവും രണ്ട് മക്കളുമുള്ള മഞ്ജു നൊച്ചിമയിലെ കമ്പനിയിൽ ജീവനക്കാരിയാണ്. മൂന്നുമാസം മുമ്പാണ് ശ്രീകാന്ത് ഇവരുടെ വീടിനടുത്ത് വാടകക്ക് താമസം ആരംഭിച്ചത്. പിന്നീട് ഇവർ തമ്മിൽ അടുപ്പത്തിലായെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഇക്കാര്യം മഞ്ജുവിന്റെ വീട്ടിൽ അറിഞ്ഞു. ഇതേതുടർന്ന് ശ്രീകാന്തിനെ മഞ്ജു ആലുവയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മഞ്ജു റെയിൽ പാളത്തിലേക്ക് ഓടി ട്രെയിൻതട്ടി മരിക്കുകയായിരുന്നു. ഈ വിഷമത്തിലാണ് ശ്രീകാന്ത് ഉടൻ പുഴയിൽ ചാടിയതത്രേ. ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.