അമ്പലപ്പുഴ: മർദനമേറ്റ് കല്ലിൽ തലയിടിച്ച് വീണ മത്സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പള്ളി പൂത്തോപ്പിൽ കുട്ടപ്പന്റെ മകൻ സുനിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെ കുട്ടികളുടെ പാർക്കിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി വല വലിക്കാൻ എത്തിയ സുനി പാർക്കിന് സമീപം മറ്റൊരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചു.ഈസമയം പാർക്കിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന തോട്ടപ്പള്ളി സ്വദേശിയായ ഗോകുൽ (27) സുനിയെ അസഭ്യം പറഞ്ഞു. ആളെ വ്യക്തമാകാതിരുന്നതിനെത്തുടർന്ന് സുനി ഇവർക്കു സമീപമെത്തി. ഇതിനിടെ, സുനിയും ഗോകുലുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. ഗോകുൽ തള്ളിയതിനെത്തുടർന്ന് കല്ലിൽ തലയിടിച്ചുവീണ സുനി ബോധരഹിതനായി. ബഹളം കേട്ട് എത്തിയ സുഹൃത്തുക്കൾ സുനിയെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പൊലീസെത്തി സുനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. സുനിയെ മർദിച്ച ഒമ്പതാം വാർഡ് അരയൻപറമ്പിൽ ഗോകുലിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഭാര്യ: രജിമോൾ. മക്കൾ: സുകന്യ, സരുൺ. മരുമകൻ: ജിനു.