ചാലക്കുടി: മദ്ദള വാദ്യരംഗത്തെ കുലപതിയായിരുന്ന ചാലക്കുടി നാരായണൻ നമ്പീശന്റെ മകനും പഞ്ചവാദ്യം കലാകാരനും സംഘാടകനുമായ ചാലക്കുടി നാരായണൻ നമ്പീശൻ ജൂനിയർ (62) നിര്യാതനായി. കോഴിക്കോട്ടുവെച്ചായിരുന്നു അന്ത്യം. മൃതദേഹം ചാലക്കുടിയിൽ കൊണ്ടുവന്ന് സംസ്കരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയറായാണ് വിരമിച്ചത്. പഞ്ചവാദ്യ രംഗത്തെ താത്വികാചാര്യൻമാരിൽ പ്രമുഖനായ നമ്പീശൻ 1792 അക്ഷരകാലം പഞ്ചവാദ്യം ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബിന്റെ ഇപ്പോഴത്തെ സെക്രട്ടറി ആണ്. ശബരിമല അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 18 ൽ അധികം ക്ഷേത്രങ്ങളുടെ കൊടിമരം സ്ഥാപിച്ചതും അവയുടെ നിർമാണ പ്രവർത്തനങ്ങളിലെ നേതൃത്വവും നമ്പീശനായിരുന്നു. വാദ്യ സംബന്ധിയായ കേരളത്തിലെ നിരവധി കൂട്ടായ്മകളുടെ സംഘാടകനും പ്രവർത്തകനുമായിരുന്നു. മാതാവ്: ദേവകി ബ്രാഹ്മണി അമ്മ. ഭാര്യ: ഗിരിജ ബ്രാഹ്മണിയമ്മ. മക്കൾ: രാഹുൽ നമ്പീശൻ, രോഹിത് നമ്പീശൻ. മരുമക്കൾ: രഞ്ജിനി, ഇന്ദുജ ചെറുളിയിൽ.