കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. അസം സ്വദേശി ജീവയാണ് മരിച്ചത്. കോതമംഗലം അഗ്നിരക്ഷാനിലയത്തിലെ സ്കൂബ ടീം സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുപേരാണ് ഫൈബർ വള്ളത്തിൽ ഉണ്ടായിരുന്നത്. പ്രദേശവാസിയായ വർഗീസിനും മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബർ വള്ളത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് ഒപ്പമുണ്ടായിരുന്ന വർഗീസ് പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് കോതമംഗലം അഗ്നിരക്ഷാ നിലയം ഓഫിസർ കരുണാകരൻ പിള്ള പറഞ്ഞു.