കൊല്ലങ്കോട്: കൊല്ലങ്കോട് -പുതുനഗരം പ്രധാനപാതയിൽ വടവന്നൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് വാഴയില വ്യാപാരി മരിച്ചു. പല്ലശ്ശന തളൂർ നമ്പിളിതൊടി വീരപ്പനെഴുത്തച്ഛന്റെ മകൻ അയ്യപ്പൻ (56) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ എലവഞ്ചേരി വള്ളുവകുണ്ട് സ്വദേശിനി ജിഷ (35) നിസ്സാര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ എട്ടിന് കരിപ്പോട് ഭാഗത്തുനിന്ന് ഊട്ടറ റെയിൽവേ ഗേറ്റിന് സമീപത്തെ വാഴയില കച്ചവടം ചെയ്യുന്ന മുറിയിലേക്ക് ഇലയുമായി ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ വടവന്നൂർ കള്ളുഷാപ്പ് വളവിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിഷ പട്ടാമ്പി കോടതിയിലെ കേസുമായി ബന്ധപ്പെട്ട ജോലിയുടെ ഭാഗമായി കൊല്ലങ്കോടുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു. അയ്യപ്പന്റെ ഭാര്യ: ജയ. മക്കൾ: സന്തോഷ്, സതീഷ്, സജിത. മരുമക്കൾ: ശരണ്യ, സുജിത, രജീവ്.