കൊച്ചി/കാട്ടിക്കുളം: എറണാകുളത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക്യാത്രികനായ വയനാട് സ്വദേശി മരിച്ചു. വയനാട് കാട്ടിക്കുളം മജിസ്ട്രേറ്റ് കവലയിലെ തെക്കരത്തൊടി ഉസ്മാൻ-സഫിയ ദമ്പതികളുടെ മകൻ ജസീമാണ് (26) മരിച്ചത്.
എറണാകുളം പാലാരിവട്ടത്ത് ടാക്സി ഡ്രൈവറായിരുന്നു. പാലാരിവട്ടം ആലിൻചുവട് ഭാഗത്ത് സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാറിടിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സഹയാത്രികന് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ജസീമിന്റെ സഹോദരങ്ങൾ: ജാംഷിഷാന്, ജസ്ന.