ചെർപ്പുളശ്ശേരി: സാമൂഹിക പ്രവർത്തകനും ചെർപ്പുളശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പുളിക്കൽ വെട്ടം വീട്ടിൽ പി.വി. ഹംസ (83) നിര്യാതനായി. നിരവധി സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ സംഘടനകളുടെ പ്രവർത്തകനായിരുന്നു. ഇ.എം.ഇ സെക്കന്തരാബാദിലെ സേവനത്തിന് ശേഷം ഗൾഫിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ച ഹംസ പിന്നീട് നാട്ടിലെത്തി സാമൂഹിക രംഗത്ത് സജീവമായി. 1979 മുതൽ 1989 വരെ ചെർപ്പുളശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിക്കവെ പഞ്ചായത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പഴയകാല ഫുട്ബാൾ കളിക്കാരനായ ഹംസ, ക്ലബുകളുടെ നല്ലൊരു സംഘാടകൻ കൂടിയായിരുന്നു. പല കളിക്കാരെയും പ്രോത്സാഹിപ്പിച്ച് മുഖ്യധാരയിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ വികസനത്തിനായി വിശാലമായ ആർക്കിടെക്റ്റ് രൂപരേഖയുണ്ടാകുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാനായിരുന്നു. ചെർപ്പുളശ്ശേരി പുത്തനാൽക്കാവ് കാളവേല പൂരാഘോഷ കമ്മിറ്റിയുടെ ഭാരവാഹിയായി പ്രവർത്തിച്ചു. എം.ഇ.എസ് മേഖല പ്രസിഡന്റ്, പാലക്കാട് ജില്ല കമ്മിറ്റി അംഗം, ചെർപ്പുളശ്ശേരി സീനിയർ സിറ്റിസൺ ഫോറം ചീഫ് പാട്രൺ, നന്മ സാംസ്കാരിക വേദി ചെയർമാൻ, നന്മ ചാരിറ്റബിൾ ബോർഡ് ട്രസ്റ്റി, നന്മ വായനശാല സ്ഥാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: റുഖിയ (അങ്ങാടിപ്പുറം). മക്കൾ: ഗൾഫിലെ പ്രശസ്ത അഭിഭാഷകൻ അഡ്വ. ഷഹിൻ (യു.എ.ഇ), ഷജീദ് (ബിസിനസ്), ഷദീദ് (ബിസിനസ് എറണാകുളം). മരുമക്കൾ: ഷീബ (നിലമ്പൂർ), റമി (ചെർപ്പുളശ്ശേരി), ഷാജിദ മിനി (നിലമ്പൂർ). സഹോദരങ്ങൾ: അബൂബക്കർ, സുബൈദ, മുഹമ്മദ് ബഷീർ, മുഹമ്മദാലി, ജമീല, പരേതരായ കുഞ്ഞാലൻ, അക്ബർ, മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.വി. അബ്ദുൽ വഹാബ് പിതൃസഹോദര പുത്രനാണ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കച്ചേരിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.