ആമ്പല്ലൂര്‍: വരന്തരപ്പിള്ളിയില്‍ മിനി ലോറിക്ക് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മറ്റത്തൂര്‍ ചെട്ടിച്ചാല്‍ പാഴായി കുട്ടന്റെ മകന് മോഹനനാണ് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന ഒമ്പതുങ്ങല്‍ പണിക്കശ്ശേരി ഗോപാലകൃഷ്ണന് (58), ഓട്ടോ ഡ്രൈവര്‍ വരന്തരപ്പിള്ളി വടക്കുമുറി ആലപ്പുറം രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോഴി കൊണ്ടുവരുന്ന മിനി ലോറിയിലെ ജീവനക്കാരാണ് മരിച്ച മോഹനനും പരിക്കേറ്റ ഗോപാലകൃഷ്ണനും.ഗുരുതര പരിക്കേറ്റ ഗോപാലകൃഷ്ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ച ഒന്നോടെയായിരുന്നു അപകടം. വരന്തരപ്പിള്ളി കുരുടി പാലത്തിന് സമീപത്തെ കടയില്‍ ഇറച്ചിക്കോഴികളെ ഇറക്കുന്നതിനിടെ ലോറിയുടെ പിന്നില്‍ ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വരന്തരപ്പിള്ളി പൊലീസിന്റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മോഹനനെ രക്ഷിക്കാനായില്ല. ഭാര്യ: ജനിത. മക്കള്‍: യദുകൃഷ്ണ, കാവ്യ. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.