പാലാ: കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ 14കാരൻ കാൽവഴുതി കുളത്തിൽ വീണ് മുങ്ങിമരിച്ചു. ഇടനാട് കിഴക്കേക്കരയിൽ പി. അജിത്തിന്റെ (സി.പി.എം ഇടനാട് ഈസ്റ്റ് ബ്രാഞ്ച് അംഗം) മകൻ അശ്വിൻ കെ. അജിത്താണ് (അക്കു) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ വീടിന് സമീപത്തെ കാമേറ്റ് പുരയിടത്തിലെ കുളത്തിലാണ് അപകടത്തിൽപ്പെട്ടത്. ഇടനാട് എൻ.എസ്.എസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹപാഠികളായ നാല് കുട്ടികൾക്കൊപ്പമാണ് അശ്വിൻ കുളത്തിന് സമീപം എത്തിയത്. നീന്തൽ വശമില്ലാത്ത അശ്വിൻ കരയിൽ ഇരിക്കുകയായിരുന്നു. കുളിക്കാൻ ഇറങ്ങിയ മറ്റ് കുട്ടികളിലൊരാൾക്ക് വസ്ത്രം എടുത്ത് കൊടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ അശ്വിൻ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കരക്കെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മാതാവ്: സൗമ്യ മങ്കൊമ്പ് വാഴയിൽ കുടുംബാംഗം. സഹോദരി: അശ്വിനി (അഞ്ചാം ക്ലാസ് വിദ്യാർഥിനി).