കുട്ടനാട്: ഹൗസ് ബോട്ടിൽ കായൽ സൗന്ദര്യം ആസ്വദിച്ച് ചിത്രം പകര്‍ത്തുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പന്തളം തോന്നല്ലൂർ കാക്കക്കുഴി പുത്തൻപുരക്കൽ വീട്ടിൽ പരേതനായ ഹസൻകുട്ടി റാവുത്തറുടെ മകനും പത്തനംതിട്ട ജലസേചന വകുപ്പ് യു.ഡി ക്ലർക്കുമായ പി.എച്ച്. അബ്ദുൽമനാഫാണ് (42) മരിച്ചത്. വകുപ്പിലെ മറ്റ് ജീവനക്കാർക്കൊപ്പം ബോട്ട് യാത്രക്ക് പോയതായിരുന്നു.
കനാൽ ക്രൂയിസ് ഹൗസ് ബോട്ടില്‍ യാത്രചെയ്യുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 4.20ന് കൈനകരി മതികായൽ ഭാഗത്താണ് അപകടം. ഹാൻഡ് റെയിലിൽ ചവിട്ടി ചിത്രം എടുക്കുന്നതിനിടെ കാല്‍വഴുതി കായലിൽ വീണ് മനാഫിനെ കാണാതായി. നാട്ടുകാരും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേന സ്കൂബാ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: നബീസ. ഭാര്യ: നസിയ. മക്കൾ: ഫയാസ്, ഫിദ.
അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ വി. വലന്റയിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ എൻ.എസ്. ഷൈൻകുമാർ, പി. അഖിലേഷ്, സ്കൂബാ മുങ്ങൽ വിദഗ്ധരായ കെ.ആർ. അനീഷ്, കെ.എസ്. ആന്റണി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.