കോഴിക്കോട്: സി.പി.ഐ-എം.എൽ (റെഡ് ഫ്ലാഗ്) ജില്ല സെക്രട്ടറി ടി.വി. വിജയൻ (70) അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മാലൂർകുന്ന് പൊലീസ് ക്യാമ്പിൽ പീഡനത്തിനിരയായിട്ടുണ്ട്. ഒന്നര വർഷത്തോളം കണ്ണൂർ ജയിലിലായിരുന്നു. ജയിൽമോചിതനായശേഷം സി.പി.ഐ-എം.എല്ലിൽ സജീവമായി. ദീർഘകാലമായി കോഴിക്കോട് ജില്ല സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ്. കർഷകസമരത്തിലുൾപ്പെടെ കോഴിക്കോട്ടെ എല്ലാ ജനകീയ സമരവേദികളിലെയും സജീവസാന്നിധ്യമായിരുന്നു. അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി രൂപവത്കരിക്കാൻ നേതൃത്വം നൽകി. സി.പി.എം പ്രവർത്തകനായാണ് പൊതുരംഗത്ത് സജീവമായത്. 1970ഓടെ സി.പി.ഐ-എം.എൽ പ്രവർത്തകനായി. കഴിഞ്ഞ ദിവസം വരെ പൊതു രംഗത്ത് സജീവമായിരുന്നു. ഞായറാഴ്ച പുലർച്ചെ മായനാട് തറവട്ടത്തെ വീട്ടിലായിരുന്നു മരണം. മൃതദേഹം വൈകീട്ട് ആറു മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. പരേതരായ നാരായണൻ നായരുടെയും മാളുഅമ്മയുടെയും മകനാണ്. ഭാര്യ: തുളസി. സഹോദരങ്ങൾ: ശാന്ത, പരേതരായ ബാലൻ, തങ്കം.
കെ. അജിത, ഗ്രോ വാസു, എം.എം. സോമശേഖരൻ, സി.പി.ഐ-എം.എൽ ഓൾ ഇന്ത്യ സെക്രട്ടറി എം.എസ്. ജയകുമാർ, സംസ്ഥാന സെക്രട്ടറി ഉണ്ണിച്ചെക്കൻ, ചാൾസ് ജോർജ്, എം.കെ. തങ്കപ്പൻ, കർഷകസംഘം സംസ്ഥാന സെക്രട്ടറി എം.കെ. ദിലീപ്, കെ. അഷ്റഫ്, ദിവാകരൻ, ഡോ. അജോയ്കുമാർ, പി.കെ. വേണുഗോപാലൻ, എൻ.ബി ബാലകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.