കാഞ്ഞിരമറ്റം: കുടുംബവഴക്കിനെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ പിതാവ് മരിച്ചു. കാഞ്ഞിരമറ്റം മുടപ്പനാൽ വീട്ടിൽ ബഷീറിനെയാണ് (60) വീടിന് പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബഷീറിന്റെ ഭാര്യ നദീറ, മകൻ സാജിദ് (ഷാജി -26), മകന്റെ ഭാര്യ ജസീല (25) എന്നിവരെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്നു. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.
ബഷീറിനൊപ്പമാണ് സാജിദും ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും താമസിക്കുന്നത്. വീട്ടിൽ കുടുംബ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികൾ പറയുന്നു. സംഭവം നടന്ന സമയം വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നു. ബഷീർ വീടിന് പുറത്ത് വീണു കിടക്കുന്നത് കണ്ട വഴിയാത്രികനാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഖബറടക്കം പിന്നീട്. മറ്റൊരു മകൻ ഷിജാദ് കുടുംബവുമായി മാറി താമസിക്കുകയാണ്.