പാലാ: വയോധികനെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മുത്തോലി കുരുവിനാൽ തെക്കുംമുറി ഓലിക്കൽ ഒ.കെ. വാസുവാണ് (65) മരിച്ചത്. തെക്കുംമുറിയിൽ വാടകക്ക് താമസിക്കുകയാണ് വാസു. വീടിന് 100 മീറ്റർ പിറകിലാണ് മകന്റെ വീട്. ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് വാസുവും ഭാര്യയും കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് താമസിച്ചത്. ബുധനാഴ്ച പുലർച്ച 4.30ഓടെ സ്വന്തം വീട്ടിലേക്ക് വാസു മാത്രം മടങ്ങി. സ്വന്തം വീട്ടിൽ പ്ലംബിങ് ജോലികൾ നടക്കുന്നതിനാലാണ് ഇദ്ദേഹം പോയത്. ആറുമണിക്കും ഇദ്ദേഹം പറമ്പിൽ പണിയെടുക്കുന്നതായി ചിലർ കണ്ടിരുന്നു. എന്നാൽ, ഏഴുമണിയോടെ വൈദ്യുതി കമ്പി ദേഹത്ത് ചുറ്റിയ നിലയിൽ വാസു വീണുകിടക്കുകയായിരുന്നു. ഉടൻ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഓലമടൽ വീണതിനെത്തുടർന്ന് ലൈനുകൾ കൂട്ടിമുട്ടി ചൂടായി പൊട്ടിവീണതാണെന്നാണ് നിഗമനം. വാസുവിന്റെ സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സന്താനവല്ലി. മക്കൾ: മനു, മഞ്ചു (ഹെൽത്ത് ഓഫിസ് നഴ്സ്), ഉണ്ണിമായ (യു.എ.ഇ). മരുമക്കൾ: ബിന്ദു, ബിനു, അനീഷ്.