പന്തളം: ഓട്ടോ സ്കൂട്ടറിൽ ഇടിച്ച് മത്സ്യവ്യാപാരി മരിച്ചു. കുളനട പുന്തല മുകടിയിൽ നജീബ് ഭവനിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ രാജ സലീമാണ് (65) മരിച്ചത്. വ്യാഴാഴ്ച പുലർച്ച നാലിന് എം.സി റോഡിൽ പന്തളം കുറുന്തോട്ടിയും പാലത്തിന് സമീപമായിരുന്നു അപകടം. കടയക്കാട് മത്സ്യമാർക്കറ്റിൽ മത്സ്യം എടുക്കാൻ പുന്തലയിൽനിന്ന് എം.ഇ.ടി സ്കൂട്ടറിൽ വരുമ്പോൾ അടൂരിൽനിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പുലർച്ച പരിസരത്തെങ്ങും ആരും ഇല്ലാത്തതിനാൽ രാജ സലീം പരിക്കേറ്റ് ഏറെനേരം റോഡിൽ കിടന്നു. പിന്നീട് ഇതുവഴി വന്ന മത്സ്യവ്യാപാരിയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നസീമ. മക്കൾ: നസീർ, നവാസ്, നജീബ്. മരുമക്കൾ: മുനീറ, ആദില.