കല്ലടിക്കോട്: ദേശീയപാതയിൽ പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മണ്ണാർക്കാട് ഭീമനാട് തെറ്റത്ത് വീട്ടിൽ കുഞ്ഞയമുവിന്റെ മകൻ ഷാജഹാൻ (30) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന ഭീമനാട് സ്വദേശി അസീസിന് പരിക്കേറ്റു. ഇയാളെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കത്ത് വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മണ്ണാർക്കാട്ടേക്ക് വരുകയായിരന്ന വാൻ മഴയത്ത് നിയന്ത്രണം തെറ്റി പാതവക്കിലെ മരക്കുറ്റിയിലിടിച്ച് കീഴ്മേൽ മറിയുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ യുവാവിനെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പ്രവാസിയായിരുന്ന ഷാജഹാൻ മണ്ണാർക്കാട്ടെ സ്വകാര്യ ഏജൻസിക്ക് കീഴിൽ ജോലി ചെയ്തുവരുകയാണ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ.ഭാര്യ: റഹീമ. മക്കൾ: ഷഹൻ ഷാ, ഷഹൽ, ഷഹ്മ.