പത്തനംതിട്ട: കൊലക്കേസില്‍ പരോള്‍ കാലാവധി കഴിഞ്ഞ് തിരികെ ജയിലില്‍ പ്രവേശിക്കേണ്ട ദിവസം തടവുകാരന് തൂങ്ങി മരിച്ച നിലയില്‍. മൈലപ്ര അക്ഷയ് ഭവനില്‍ വി.ജി. ഗിരീഷ് കുമാറിനെയാണ് (42) അച്ചന്‍കോവിലാറിന്റെ വലഞ്ചുഴി വ്യാഴിക്കടവിലെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2010ല്‍ റാന്നി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഇടത്തറ മുക്കില്‍ വെച്ച് ഭാര്യയുടെ ബന്ധു ഷാജിയെ കഴുത്തുഞെരിച്ചു കൊന്ന കേസില്‍ പ്രതിയായിരുന്നു. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗിരീഷ് ജനുവരി 12നാണ് പരോളില്‍ നാട്ടിലെത്തിയത്. കോവിഡിന്റെ ആനുകൂല്യത്തിലാണ് പരോള്‍ ലഭിച്ചത്. പരോള്‍ കാലാവധി പൂര്‍ത്തിയാക്കി വ്യാഴാഴ്ച ജയിലില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. ഗിരീഷ് ചെല്ലാത്തതിനാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മാതാവ് ലീലാമണിയെ ബന്ധപ്പെട്ടിരുന്നു. ജയിലിലേക്ക് എന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.