കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച ഡോ. കെ.പി. ജോർജ് (94) നിര്യാതനായി. തൃശൂർ ചെമ്പൂക്കാവ് കടവിൽ വീട്ടിൽ ഹൈകോടതി ജഡ്ജിയായിരുന്ന കെ.എ. പൗലോസിന്റെയും മറിയത്തിന്റെയും മകനാണ്. 1984 മുതൽ മാങ്ങാനത്താണ് താമസം. 1945ൽ മദ്രാസ് മെഡിക്കൽ കോളജിൽ പഠനത്തിന് കൊച്ചി സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാർഥികളിൽ ഒരാളായിരുന്നു കെ.പി. ജോർജ്. 1953 മേയിൽ അസിസ്റ്റന്റ് സർജനായി തൃശൂർ ജില്ല ആശുപത്രിയിൽ നിയമിതനായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫാർമക്കോളജിയിലും മെഡിസിൻ വിഭാഗത്തിലും ട്യൂട്ടറായി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിന്റെ അധ്യാപകനാണ്. 1957ൽ യു.കെയിൽ ഉപരിപഠനം. ട്രോപ്പിക്കൽ മെഡിസിനിൽ ഡിപ്ലോമയും (ഡി.ടി.എം ആൻഡ് എച്ച്) എം.ആർ.സി.പിയും നേടി. യു.കെയിലെ ഗ്ലാസ്ഗോ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജിയിൽ ഒരുവർഷത്തെ പരിശീലനം നേടി. ആലപ്പുഴ ജില്ല ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചു. കോട്ടയം ചെറിയപള്ളി ആശുപത്രി, മണർകാട് സെന്റ് മേരീസ്, കരിപ്പാൽ, വാസൻ ഐ കെയർ തുടങ്ങിയ ആശുപത്രികളിൽ ജോലി ചെയ്തു. 1983ൽ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് മെഡിസിൻ വിഭാഗം അധ്യാപകനായാണ് വിരമിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ഇന്ത്യൻ ഫിസിഷ്യൻ അസോസിയേഷന്റെയും സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ 39 വർഷമായി ആരോഗ്യ പംക്തി കൈകാര്യം ചെയ്തിരുന്നു. ഭാര്യ: മറിയം ജോർജ് മാരാമൺ തേവറുതുണ്ടി കുടുംബാംഗമാണ്. മക്കൾ: പൗലോസ് ജോർജ് (പുണെ), തോമസ് ജോർജ് (മലയാള മനോരമ, സർക്കുലേഷൻ കൊച്ചി). മരുമക്കൾ: ബിന്ദു കുളിരാങ്കൽ കോതമംഗലം, ലിനുതോമസ് പുള്ളിപ്പടവിൽ, പാലക്കാട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കോട്ടയം ചെറിയപള്ളിയുടെ പുത്തൻപള്ളി സെമിത്തേരിയിൽ.