അങ്കമാലി: കാലടി സംസ്കൃത സർവകലാശാലയിലെ കലോത്സവത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് പോകാൻ സഹപാഠിയോടൊപ്പം അങ്കമാലി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർഥിനി മരിച്ചു. വടകര താഴെപ്പാണ്ടി പറമ്പത്ത് വീട്ടിൽ പ്രകാശന്റെ മകൾ ടി.പി. അമയ പ്രകാശാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പയ്യന്നൂർ ജാനകിനിലയം ശ്രീഹരിയെ (20) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ശനിയാഴ്ച പുലർച്ച 12.15ഓടെ ദേശീയപാത അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് അപകടം. കലോത്സവത്തിന് ശേഷം വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങാൻ കോളജ് ബസിലാണ് ടൗണിലെത്തിയത്. പഴയ നഗരസഭ കാര്യാലയത്തിന് സമീപം ഇറങ്ങിയ അമയയും ശ്രീഹരിയും റോഡ് മുറിച്ചുകടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് വന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഇരുവരും റോഡിൽ വീണെങ്കിലും പിന്നിൽ വന്ന വാഹനം അമയയുടെ ദേഹത്ത് കയറിയെന്നാണ് സൂചന. വാഹനങ്ങൾ നിർത്താതെ പോയി. സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിലെ ഡിഗ്രി വിദ്യാർഥിനിയാണ് അമയ. മാതാവ്: ബിന്ദു. സഹോദരൻ: ടി.പി. അതുൽ (ഊരാളുങ്കൽ സൊസൈറ്റി). കലോത്സവത്തിൽ അമയ പങ്കെടുത്ത രണ്ട് മത്സരത്തിലും വിജയിച്ചു. ഒപ്പനക്ക് ഒന്നാം സ്ഥാനവും മാർഗംകളിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശനിയാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.