പനങ്ങാട്: റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് മഠത്തിപ്പറമ്പിൽ കുഞ്ഞപ്പനെയാണ് (74) റോഡരികിലെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോ റിക്ഷ ഇടിച്ചുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. ഇന്നലെ രാത്രി ഓട്ടോറിക്ഷ ഇടിച്ച് പരിക്ക് പറ്റിയ കുഞ്ഞപ്പനെ ആശുപത്രിയിൽ എത്തിക്കാതെ ഓട്ടോ ഡ്രൈവർ കടന്നു കളഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഭജനക്ക് സമീപം ആര്യവൈദ്യ ഫാർമസിയുടെ മുന്നിൽ മരിച്ചനിലയിൽ നാട്ടുകാർ കണ്ടത്. ഓട്ടോ ഡ്രൈവർ പനങ്ങാട് വ്യാസപുരം സ്വദേശി ഷാൻകുമാറിനെ (26) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള കുഞ്ഞപ്പൻ കടത്തിണ്ണയിലും മറ്റുമാണ് അന്തിയുറങ്ങുന്നത്. നാട്ടുകാർ കൊടുക്കുന്ന ഭക്ഷണവും മറ്റും കഴിച്ചാണ് കഴിഞ്ഞ് പോന്നിരുന്നത്. റോഡിന്റെ വശങ്ങളിൽ ഇരുന്ന് പുല്ല് പറിക്കുന്ന കുഞ്ഞപ്പൻ പനങ്ങാട് നിവാസികൾക്ക് സുപരിചിതനാണ്.