കോട്ടയം: പെരുന്നാൾ വെടിക്കെട്ടിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോട്ടയം പാറമ്പുഴ ചള്ളിമറ്റം വീട്ടിൽ മച്ചാൻ കുഞ്ഞുമോൻ എന്ന ഔസേഫാണ് (72) മരിച്ചത്. ഇക്കഴിഞ്ഞ 10ന് പൊൻപള്ളിയിലെ പെരുന്നാളിനിടെയാണ് സംഭവം. രാവിലെ നടന്ന കുർബാനക്കിടെ മാലപ്പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ് സമീപത്തുണ്ടായിരുന്ന മറ്റ് പടക്കങ്ങളും കത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാലങ്ങളായി ഔസേഫിന്റെ കുടുംബമാണ് പൊൻപള്ളി പള്ളിയിൽ വെട്ടിക്കെട്ട് നടത്തുന്നത്. ഈസ്റ്റ് പൊലീസ് കേസെടുത്തു. ഭാര്യ: ലീലാമ്മ. മക്കൾ: പരേതനായ ബിജു, ബിൻസി, ബിബിൻ. മരുമക്കൾ: ജിഷ, ഷാജി.