തൊടുപുഴ: ബസിനടിയിൽപെട്ട് ബൈക്ക് യാത്രികനായ റിട്ട. എസ്.ഐ മരിച്ചു. വഴിത്തല ഇരുട്ട്തോട് ഭാഗത്ത് നാറാണത്ത് (ആറ്റുപുറത്ത്) എന്‍.ജി. ചന്ദ്രനാണ് (62) മരിച്ചത്. തൊടുപുഴ കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലിന് സമീപം തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്ന ചന്ദ്രന് ബസ് തട്ടി അടിയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ഓടിയെത്തിയെങ്കിലും വലിച്ച് മാറ്റാനായില്ല. അപ്പോഴേക്കും ബസിന്റെ പിന്‍ചക്രം ചന്ദ്രന്റെ തലയിലൂടെ കയറി. തൊടുപുഴ പൊലീസെത്തി തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു. ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: വിജയമ്മ (റിട്ട. കെ.എസ്.ഫ്.ഇ കൂത്താട്ടുകുളം) വൈക്കം വടയാര്‍ തട്ടയില്‍ കുടുംബാംഗം. മക്കള്‍: ഗോപു എന്‍. ചന്ദ്രന് (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഗോകുല്‍ എന്‍. ചന്ദ്രന്. മരുമകള്‍: അനു സുബ്രഹ്മണ്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.