അതിരപ്പിള്ളി: മലക്കപ്പാറയിൽ ആദിവാസി കോളനിയിലെ അവിവാഹിത യുവതി പ്രസവിച്ച നവജാത ശിശുവിന്റെ മൃതദേഹം സമീപത്തെ തോട്ടിൽ കണ്ടെത്തി. മലക്കപ്പാറയിലെ ആദിവാസി കോളനിയിലെ 22 വയസ്സുകാരിയായ യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. രക്തസ്രാവത്തെ തുടർന്ന് ഇവർ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് രക്തസ്രാവത്തെ തുടർന്ന് മലക്കപ്പാറ പൊലീസിന്റെ നേതൃത്വത്തിൽ ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചത്. ഇവരും വീട്ടുകാരും വയറ്റിൽ മുഴ ഉണ്ടായത് പൊട്ടിയതാണ് രക്തസ്രാവത്തിന് കാരണമെന്നാണ് പൊലീസിനെ ധരിപ്പിച്ചത്. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ തോട്ടിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നാണ് സംശയം. അസ്വാഭാവിക മരണത്തിന് മലക്കപ്പാറ പൊലീസ് കേസെടുത്തു.