തിരുവല്ല: കാവുംഭാഗം- ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജങ്ഷൻ വായനശാലക്ക് സമീപം മിനി ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ എം.എസ്. സുനേജിന്റെ ഭാര്യ വിജിമോളാണ് (32) മരിച്ചത്. മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിലെ അധ്യാപികയാണ്. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. ഇടിഞ്ഞില്ലം ഭാഗത്തുനിന്ന് വന്ന മിനി ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: കാശിനാഥ് (എട്ട്), കീർത്തന (അഞ്ച്), കർണജിത് (ഒമ്പത് മാസം). സംസ്കാരം പിന്നീട്.