ഹരിപ്പാട്: പാലത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത മധ്യവയസ്കൻ തട്ടിപ്പ് കേസിലെ ആരോപണവിധേയനെന്ന് പൊലീസ്. ഹരിപ്പാട് കക്കട്ടിൽ സുബ്രഹ്മണ്യന്റെ (51) മൃതദേഹമാണ് ആയാപറമ്പ് കടവിന് സമീപത്തുനിന്ന് കണ്ടെടുത്തത്. പൊതുമേഖല സ്ഥാപനമായ പള്ളിമുക്ക് മീറ്റർ കമ്പനിയിൽ (യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി നിരവധി പേരിൽനിന്നും പണം തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. കമ്പനിയുടെ എംബ്ലം വെച്ച ലെറ്റർപാഡ് വ്യാജമായുണ്ടാക്കി അതിലാണ് നിയമന ഉത്തരവ് തയാറാക്കിയിരുന്നത്. ഇവർ എത്തിയപ്പോഴാണ് കമ്പനിയുടെ പേരിൽ കബളിപ്പിക്കൽ നടക്കുന്നുണ്ടെന്ന് കമ്പനി അധികൃതർ അറിയുന്നത്. കമ്പനി അധികൃതർ കൊല്ലം ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. കായംകുളം എൻ.ടി.പി.സിയിൽ ജോലി നൽകാമെന്ന വാഗ്ദാനം ചെയ്തും നിരവധി പേരിൽനിന്നും പണം തട്ടിയെന്ന് പരാതിയുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സുബ്രഹ്മണ്യന്റെ മരണവാർത്ത അറിയുന്നത്. പായിപ്പാട് പാലത്തിൽനിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. പാലത്തിൽ സ്കൂട്ടർ, ചെരിപ്പ് എന്നിവ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം വീയപുരം പൊലീസിൽ അറിയിക്കുകയായിരുന്നു. സാമ്പത്തിക പരാധീനത മൂലമാണ് ആത്മഹത്യചെയ്തതെന്ന് സൂചിപ്പിക്കുന്ന കത്ത് ബാഗിൽനിന്ന് പൊലീസ് കണ്ടെടുത്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദീപ. മക്കൾ: രാഹുൽ കൃഷ്ണ, രാജ് കൃഷ്ണ, രശ്മി.