ആറാട്ടുപുഴ: മുതുകുളം വടക്ക് ചൂളത്തെരുവ് ഉദയഗിരിയിൽ ഇ. അലോഷ്യസ് (89) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ അലോഷ്യസ് ദീർഘകാലം സി.പി.എം മുതുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
കാർത്തികപ്പള്ളി താലൂക്കിൽ മത്സ്യത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്ഷീണം പ്രവർത്തിച്ച മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി രൂപവത്കരിച്ച നാൾമുതൽ അടുത്തകാലം വരെ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ്, കായംകുളം ഏരിയ സെക്രട്ടറി, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം, എൻ.ടി.പി.സി യൂനിയൻ ഭാരവാഹി, ചൂളത്തെരുവ് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്, മുതുകുളം മത്സ്യക്ഷേമ സംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: റിച്ചാർഡ്, നിർമല (ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അംഗം), ആലീസ് (സി.പി.എം പുതുപ്പള്ളി എൽ.സി അംഗം). മരുമക്കൾ: ലിസമ്മ, ജോയി, യേശുദാസ് (സി.പി.എം പുതുപ്പള്ളി എൽ.സി സെക്രട്ടറി).