കിഴക്കഞ്ചേരി: പിക്അപ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുഞ്ഞ് മരിച്ചു. ആനക്കുഴിപ്പാടം തോട്ടിങ്ങൽ അജീഷിന്റെ മകൻ അജിനേഷാണ് (ഒരു വയസ്സ്) മരിച്ചത്. വാൽക്കുളമ്പ് തോണപ്ലാക്കൽ ജോൺ (60), ഭാര്യ സിസിലി (39), മകൾ ജാസ്മിൻ (21) ഓട്ടോ ഡ്രൈവർ ബിനു (44) എന്നിവർക്ക് പരിക്കേറ്റു. അമ്പിട്ടൻ തരിശ് നാവിളൻ ചോലയിൽ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം. ജോൺ-സിസിലി ദമ്പതികൾ ഗർഭിണിയായ മകൾ ജാസ്മിനെ ഭർത്താവിന്റെ വീട്ടിൽനിന്ന് പ്രസവത്തിന് കൂട്ടി കൊണ്ടുപോകുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച ഓട്ടോയിൽ എതിരെ വന്ന പിക്അപ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ താഴത്തേക്ക് മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന വരെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ജാസ്മിൻ, മകൻ അജിനേഷ്, അമ്മ സിസിലി എന്നിവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ജോണും ഓട്ടോ ഡ്രൈവർ ബിനുവും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം നെന്മാറയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.