ചാലക്കുടി: അതിരപ്പിള്ളി സമരനായിക മഠത്തിപ്പറമ്പിൽ ജാനകി (72) നിര്യാതയായി. അതിരപ്പിള്ളി പദ്ധതിക്കെതിരെയും ചാലക്കുടിപ്പുഴ സംരക്ഷിക്കുന്നതിനു വേണ്ടിയുമുള്ള സമരങ്ങളിൽ മുൻ നിരയിൽ നിലയുറപ്പിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2005ലും 2008ലും അതിരപ്പിള്ളിയിൽ നടന്ന സമരങ്ങളുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. മാധ്യമങ്ങളിലും വേദികളിലും അതിരപ്പിള്ളിയുടെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായിരുന്നു. കണ്ണംകുഴിയിലായിരുന്നു താമസം. ഈയിടെ വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ വന്നതോടെ അവിടം വിട്ട് കൊടകര ചെമ്പൂച്ചിറയിൽ മകന്റെ വീട്ടിലായിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം. മകൻ: മുരളീധരൻ. മരുമകൾ: കാർത്ത്യായനി.