പെരുമ്പാവൂർ: കാറിന്റെ പിന്നിലിടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ജെ.സി.ബി ഓപറേറ്ററായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പോഞ്ഞാശ്ശേരി പഴന്തുടിയിൽ വീട്ടിൽ വിനു വി. രാജശേഖരനാണ് (ബെന്നി- 42) മരിച്ചത്. എം.സി റോഡിൽ കാഞ്ഞിരക്കാട് ചൊവ്വാഴ്ച രാത്രി 8.30നായിരുന്നു അപകടം. ജെ.സി.ബി ഓപറേറ്ററായ ബിനു ജോലി കഴിഞ്ഞ് കോടനാടുനിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടിന് മരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കീഴ്മാട് പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമണി.