കുമളി: തേക്കടി കാണാനെത്തിയ വിനോദസഞ്ചാരി ഹോട്ടലിൽ കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര പുണെ സ്വദേശി ഹേമന്ത് ശങ്കർ ശിവഗുന്തേയാണ് (51) മരിച്ചത്. ബുധനാഴ്ച രാത്രി 12ഓടെയാണ് സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചയാണ് ഹേമന്ത് ഉൾപ്പെടെ 40 അംഗ സംഘം ഹോളിഡേ ഹോമിനു മുന്നിലെ ഹോട്ടലിൽ എത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ കോട്ടയത്ത് എത്തിയിട്ടുണ്ട്.