മാവേലിക്കര: ടോറസ് ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്മണി ചെറവല്ലൂര്‍ പ്ലാന്തറയില്‍ സുധാകരന്റെ മകന് എസ്.സന്ദീപാണ് (38) മരിച്ചത്.
സ്കൂട്ടര്‍ ഓടിച്ചിരുന്ന വെണ്മണി പാറച്ചന്ത വിജിത ഭവനത്തില്‍ വിജയനെ (45) ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം-തേനി ദേശീയ പാതയില്‍ കൊച്ചാലുംമൂട് ജങ്ഷന് തെക്ക് എസ്.ബി.ഐക്ക് സമീപം വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇരുവരും ചാരുംമൂട്ടിലെ പണി സ്ഥലത്തേക്ക് പോകുമ്പോൾ പിന്നില്‍നിന്നും വന്ന ടോറസ് സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു.
തെറിച്ച് റോഡില്‍ വീണ സന്ദീപിന്റെ ശരീരത്തിലൂടെ ടോറസിന്റെ ചക്രങ്ങള്‍ കയറി തല്‍ക്ഷണം മരിക്കുകയായിരുന്നു. ടോറസിന്റെ ഡ്രൈവര്‍ ചേപ്പാട് മുട്ടം കൃഷ്ണവിലാസത്തില് സനലിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപിന്റെ ഭാര്യ ലിന്‍ജു. മകന്: സഞ്ജയ്.