തൃത്താല: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ കക്കാട്ടിരി സ്വദേശി മരിച്ചു. കക്കാട്ടിരി കാശാമുക്ക് റോഡിൽ താമസിക്കുന്ന തടത്തി പറമ്പിൽ മാനുവിന്റെയും ഫാത്തിമ്മ ബീവിയുടെയും മകൻ റമീസ് (30) ആണ് മരിച്ചത്. അജ്മാനിൽ ജോലി ചെയ്യുകയായിരുന്ന റമീസ് സുഹൃത്തുക്കളോടൊപ്പം അബൂദബിയിലേക്ക് പോയതായിരുന്നു. രാത്രി ഭക്ഷണത്തിന് ശേഷം അബൂദബി ഗ്രാൻഡ് മോസ്ക് കാണാൻ കാറിൽ പോകവേ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റമീസിനൊപ്പം മൂന്ന് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റമീസിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഷെഹന ഷെറിൻ. സഹോദരങ്ങൾ: റംല, റംസിയ, നാസിം.