പൊന്നാനി/കൽപകഞ്ചേരി: പൊന്നാനി കർമ റോഡിൽ ഈശ്വരമംഗലത്ത് കാർ ഭാരതപ്പുഴയിലേക്ക് മറിഞ്ഞ് കാർ യാത്രികൻ മരിച്ചു. ചെറിയമുണ്ടം വാണിയന്നൂർ മേടപറമ്പിൽ അബ്ദുൽ നാസറിന്റെ മകൻ ഹാരിസ് (20) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച രണ്ടോടെ പൊന്നാനി ഈശ്വരമംഗലം പൈതൽ ജാറത്തിന് സമീപത്തെ വളവിലാണ് റോഡരികിലെ തട്ടുകട തകർത്ത് കാർ പുഴയിലേക്ക് പതിച്ചത്. മുഹമ്മദ് ഹാരിസിന്റെ സുഹൃത്തിന്റെ കല്യാണതലേന്നാൾ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ വീട്ടിൽ ഇറക്കിയ ശേഷം തിരൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.പൊന്നാനി കർമ റോഡിൽനിന്ന് ഈശ്വരമംഗലം പഴയ ദേശീയ പാതയിലേക്കുള്ള വളവ് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടത്തെത്തുടർന്ന് സമീപവാസികൾ ഓടിക്കൂടി പുഴയിൽ മുങ്ങിയ കാറിൽ നിന്ന് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെങ്കിലും ഹാരിസ് മരിച്ചിരുന്നു.ഖദീജയാണ് ഹാരിസിന്റെ മാതാവ്. സഹോദരങ്ങൾ: അസ്ലം, റുസ്ത. രാവിലെ ക്രെയിൻ ഉപയോഗിച്ചാണ് കാർ പുഴയിൽ നിന്ന് പൊക്കിയെടുത്തത്. പുതുതായി നിർമാണം പൂർത്തീകരിച്ച കർമ റോഡിലെ ഈശ്വരമംഗലം ഭാഗത്തെ കൊടുംവളവിൽ സിഗ്നലുകൾ ഇല്ലാത്തതും പുഴയോര ഭിത്തി ഉയരത്തിൽ നിർമിക്കാത്തതുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.