ഗതാഗതക്കുരുക്കിനെ തുടർന്നാണ് സ്കൂട്ടർ നിർത്തിയിട്ടത്
ആറാട്ടുപുഴ: നിർത്തിയിട്ട സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. കായംകുളം ഐക്യജങ്ഷൻ കണ്ണമ്പള്ളിഭാഗം കൊല്ലശ്ശേരി തറയിൽ മുഹമ്മദ് ഹനീഫ (64), കായംകുളം കീരിക്കാട് തെക്ക് വൈക്കത്ത് പടിറ്റത്തിൽ അബ്ദുൽ സലാം (70) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.15ഓടെ ആറാട്ടുപുഴ ബസ്സ്റ്റാൻഡിലാണ് അപകടം. വലിയഴീക്കൽ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനങ്ങൾ. ഗതാഗതക്കുരുക്ക് മൂലം ടെമ്പോയുടെ പിന്നിൽ നിർത്തിയിട്ട സ്കൂട്ടറിന്റെ പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ച ശേഷം വാഹനങ്ങളുടെ ഇടക്ക് വീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദ് ഹനീഫ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ അബ്ദുൽ സലാമിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പള്ളികളിലേക്ക് തീർഥാടന യാത്ര നടത്തുന്നവരാണ് ഇരുവരും. ഈ ആവശ്യത്തിനായാണ് ആറാട്ടുപുഴയിൽ എത്തിയത്. മാന്നാർ ഭാഗത്തുനിന്നും കള്ളിക്കാടുള്ള ബന്ധുവീട്ടിൽ വന്നതാണ് കാർ യാത്രികർ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ബസ്സ്റ്റാൻഡ് ഭാഗത്ത് നിർത്തിയിട്ടശേഷം പിന്നീട് എടുക്കുമ്പോൾ വേഗം കൂടി സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 15 മിനിറ്റോളം ഇവർ റോഡിൽ കിടന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോക്കാർ ആരും ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. തൃക്കുന്നപ്പുഴയിൽനിന്ന് പൊലീസ് എത്തി ആവശ്യപ്പെട്ടപ്പോഴാണ് ഓട്ടോക്കാർ തയാറായത്. രണ്ട് ഓട്ടോറിക്ഷയിലായി കൊണ്ടുപോയ ശേഷം ഇടക്കുവെച്ച് ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. കാറും ഓടിച്ചിരുന്ന ആളെയും കസ്റ്റഡിയിലെടുത്തു. സുലേഖയാണ് മുഹമ്മദ് ഹനീഫയുടെ ഭാര്യ. മക്കൾ: സലീം (ഡ്രൈവർ, കെ.സി.ടി), ഷീജ, ഹസീന. മരുമക്കൾ: നൂർജഹാൻ, നൂറുദ്ദീൻ, നൗഫൽ.
നബീസയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കൾ: ഷാജഹാൻ, നൗഷാദ് ഹക്കീം (ഗൾഫ്), റഷീദ, റസിയ. മരുമക്കൾ: സബീന, നസിയ, അനീഷ, ഷാജി, അഫ്സൽ.