പെരുമ്പാവൂർ: ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ പാലക്കാട്ടുതാഴം ഭാഗത്ത് റോഡ് നിയമം ലംഘിച്ച് നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മുടിക്കൽ തുകലിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ മകൻ ഷമീറാണ് (47) മരിച്ചത്. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തുനിന്ന് മുടിക്കലെ വീട്ടിലേക്ക് വരും വഴി റോഡിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഷമീർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ലോറി റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ടതിന് പൊലീസ് പിഴ അടപ്പിച്ചിരുന്നു. എന്നിട്ടും ലോറി റോഡിൽനിന്ന് മാറ്റാൻ ഡ്രൈവർ തയാറായില്ലത്രേ. ഇതിനുശേഷമായിരുന്നു അപകടം. മാതാവ്: പരേതയായ ഐഷ. ഭാര്യ: തണ്ടേക്കാട് കൊല്ലംകുടി കുടുംബാംഗം ലൈല. മക്കൾ: മുഹമ്മദ് റിയാൽ, ആയിഷ റിഫല.