കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമലപ്പടി ‘ഇരുമല’ പ്രഫ. ഇ.എം. പൗലോസ് (85)നിര്യാതനായി. 1963ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അധ്യാപനം തുടങ്ങിയ അദ്ദേഹം പിന്നീട് എം.എ കോളജ് ചരിത്ര വിഭാഗം തലവനും പ്രിൻസിപ്പലുമായി. എം.എ കോളജ്, യു.സി കോളജ് എന്നിവിടങ്ങളിൽ ഗവേണിങ് ബോർഡ് അംഗമായിരുന്നു. വൈ.എം.സി.എ റീജനൽ ചെയർമാനായിരുന്നു. വൈസ്മെൻ ഇന്റർനാഷനലിന്റെ മിഡ്വെസ്റ്റ് ഇന്ത്യ റീജനൽ ഡയറക്ടറുമായിരുന്നു. മലങ്കര ഓർത്തഡോക്സ് ചർച്ച് മാനേജിങ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ പോൾ ആറാമൻ മാർപാപ്പയിൽനിന്ന് പേപ്പൽ മെഡൽ ഏറ്റുവാങ്ങി. ആരംഭകാലം മുതൽ കോതമംഗലം സാന്ത്വനം സ്പെഷൽ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈസ്മെൻ ഇന്റർനാഷനൽ പാവപ്പെട്ടവർക്കു ഭവനങ്ങൾ നിർമിച്ചു നൽകിയപ്പോൾ അതിനു നേതൃത്വം നൽകി. ബിഹാർ വരൾച്ചക്കാലത്ത് ദുരിതാശ്വാസ നിധി സ്വരൂപിക്കാൻ നടത്തിയ ശ്രമങ്ങൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ പ്രശംസ പിടിച്ചുപറ്റി. കോതമംഗലത്തെ സാംസ്കാരിക സംഘടനയായ ‘കല’യുടെ പ്രസിഡന്റായിരുന്നു. എം.ജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്ന അദ്ദേഹം ഹിസ്റ്ററി ഓഫ് ഇന്ത്യൻ വൈസ്ഡം, ദ ഇൻഫ്ലുവൻസ് ഓഫ് ദ സെർമൻ ഓൺ ദ മൗണ്ട് ഓൺ മഹാത്മാഗാന്ധി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: നിമ്മി പോൾ. മക്കൾ: എക്യുമെനി പോൾ (എം.എ കോളജ്), പ്രസീദ പോൾ (കാനഡ). മരുമകൻ: എൽദോസ് ജോൺ (കാനഡ). അന്ന കിറ്റെക്സ് ഗ്രൂപ് സ്ഥാപകൻ പരേതനായ എം.സി. ജേക്കബ് സഹോദരി ഭർത്താവാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ പള്ളി സെമിത്തേരിയിൽ.