മഞ്ചേരി: പാണ്ടിക്കാട് റോഡിൽ ചെങ്ങണയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വയോധിക മരിച്ചു. തുവ്വൂർ സ്വദേശിനി കിഴക്കുംപറമ്പൻ ആമിനയാണ് (80) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.10ഓടെയാണ് അപകടം. മഞ്ചേരിയിലെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് ഡോക്ടറെ കാണിക്കാൻ കുടുംബത്തോടൊപ്പം വരുന്നതിനിടെയാണ് അപകടം. ചെങ്ങണ ബൈപാസിൽനിന്ന് പെട്ടെന്ന് പാണ്ടിക്കാട് റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ തട്ടാതിരിക്കാൻ വെട്ടിച്ച ഓട്ടോ മറിയുകയായിരുന്നു. ഓട്ടോക്കടിയിൽപെട്ട ആമിനയെ നാട്ടുകാർ പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആമിനയുടെ സഹോദരൻ മുഹമ്മദ്, ഭാര്യ സുബൈദ, ഓട്ടോ ഡ്രൈവർ രാജു എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആമിനയുടെ മറ്റു സഹോദരങ്ങൾ: ഖദീജ, ഹാജറ, പരേതരായ ആസ്യ, ഫാത്തിമ.