പട്ടാമ്പി: വാടാനാംകുർശ്ശി വില്ലേജ് ഓഫിസ് പ്രദേശത്തെ മഞ്ഞളുങ്ങൽ വീട്ടിൽ നവാസ് (33) നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ നാദാപുരത്ത് വാടക വീട്ടിലായിരുന്നു അപകടം. കടയിൽനിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽനിന്നാണ് ഷോക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെ രക്ഷിക്കാനായില്ല. അൻഷാദിന് കാര്യമായ പരിക്കുകളില്ല. ക്വാർട്ടേഴ്സിലെ മുറിക്കകത്ത് ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി. ആമിനയാണ് മരിച്ച നവാസിന്റെ മാതാവ്. ഭാര്യ: സുബിന. ഏക മകൻ: സഫർ. സഹോദരങ്ങൾ: നിസാർ, ഹസീബ, നുസൈബ.