മാന്നാർ: അഞ്ജാത വാഹനമിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ ലോട്ടറി വിൽപനക്കാരൻ മരണമടഞ്ഞു. മാന്നാർ കുട്ടമ്പേരൂർ അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ 9-ാം വാർഡിൽ മൂന്നു പുരയ്ക്കൽ താഴ്ചയിൽ വീട്ടിൽ മോഹനനാണ് (64) മരിച്ചത്. കുട്ടമ്പേരൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.45ഓടെയാണ് സംഭവം. ലോട്ടറി വിൽപന കഴിഞ്ഞശേഷം സ്റ്റോർ മുക്കിൽനിന്നും ബുധനൂർ - പുലിയൂർ റോഡിലൂടെ സൈക്കിളിൽ സഞ്ചരിക്കവേ മാന്നാർ ഗ്രാമ പഞ്ചായത്ത് ഓഫിസ് കവലയായ കുരട്ടിക്കാട്ടിൽ വെച്ചാണ് എതിരെ വന്ന വാഹനമിടിച്ചിട്ടശേഷം നിർത്താതെ കടന്നുപോയത്. നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കാര്യമായ കുഴപ്പമില്ലെന്ന് അറിയിച്ച് വിട്ടയക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെത്തിയശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരണം സംഭവിച്ചു. മാന്നാർ പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള നടപടികളാരംഭിച്ചു. ഭാര്യ. കുരട്ടിക്കാട് കൊട്ടാരത്തിൽ കുടുംബാംഗം മണി. മക്കൾ. മഹേഷ്, മനേഷ്, പരേതനായ മുകേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.