കൊച്ചി: വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ മനംനൊന്ത് വീട്ടമ്മ ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. മുളവുകാട് പൊന്നാരിമംഗലം തൈപ്പാടത്ത് വീട്ടിൽ തോമസിന്റെ ഭാര്യ ലില്ലിയാണ് (65) മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ഹൈകോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതർ ഭൂമി കൈയേറുന്നുവെന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു ആത്മഹത്യ. ആരോപണം പഞ്ചായത്ത് നിഷേധിച്ചിട്ടുണ്ട്. ലില്ലിയുടെ പുരയിടത്തിനോട് ചേർന്ന് ഒരു ഇടവഴിയുണ്ട്. ചളി നിറഞ്ഞ ഇവിടെ പഞ്ചായത്ത് ഒരുമീറ്ററോളം മണ്ണിട്ട് നികത്തിയിരുന്നു. ഈ വഴിയെച്ചൊല്ലി ലില്ലിയുടെ കുടുംബവും പഞ്ചായത്തുമായി തർക്കമുണ്ടായിരുന്നു. റീ സർവേയിൽ 30 സെന്റുണ്ടായിരുന്ന ഭൂമി 20 സെന്റായി ചുരുങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. കുടുംബം ഹൈകോടതിയെ സമീപിച്ച് കഴിഞ്ഞ വർഷം അവസാനം അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ, ഇതൊന്നും അറിയാതെയാണ് യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ ശ്രമിച്ചത്. ഹൈകോടതി വിധിയുണ്ടായിരുന്നിട്ടും പഞ്ചായത്തിൽനിന്ന് നീതികിട്ടുന്നില്ലെന്ന് ധരിച്ച ലില്ലി മരവുരുപ്പിടികൾക്ക് അടിച്ചതിന് ശേഷം നീക്കിവെച്ച് മൂന്ന് ലിറ്ററോളം ഡീസൽ ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ, ഉത്തരവ് വന്ന് ആറ് മാസം കഴിഞ്ഞിട്ടും സ്ഥലം അളന്നില്ലെന്നും ഇതിനിടെ തർക്കഭൂമിയിൽ റോഡ് വീതികൂട്ടാനായി പഞ്ചായത്ത് പണി നടത്തിയതിൽ മനംനൊന്താണ് ലില്ലി ആത്മഹത്യ ചെയ്തെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭർത്താവ് തോമസ് സമീപത്തെ കടയിലായിരുന്നു. മരുമകൾ ബന്ധുവീട്ടിലുമായിരുന്നു. കടയിൽനിന്ന് നാലോടെ വീട്ടിലെത്തിയ തോമസ് കുളിമുറിയിൽനിന്ന് പുകയുയരുന്നത് കണ്ട് നോക്കുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ലില്ലിയെ കാണുന്നത്. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു.