പള്ളുരുത്തി: സ്കൂട്ടർ ഇടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ചു. പെരുമ്പടപ്പ് കോണം റോഡിൽ കളത്തറ വീട്ടിൽ കെ.എൽ. ജോർജാണ് (75) മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനുസമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജോർജിനെ അമിതവേഗത്തിൽ പിന്നിലൂടെ വന്ന സ്കൂട്ടർ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പള്ളുരുത്തി പൊലീസ് കേസെടുത്തു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ഷാജൻ, ഷോണി, ഷാജു. മരുമക്കൾ: സീമ, ബിൻസി, ഷൈനി.