തോപ്രാംകുടി (ഇടുക്കി): കഴിഞ്ഞ വെള്ളിയാഴ്ച ചെറായി ബീച്ചിൽ തിരയിൽപെട്ട് മരിച്ച വിദ്യാർഥിയുടെ മൃതദേഹം സംസ്കരിച്ചു. തോപ്രാംകുടിക്ക് സമീപം കനകക്കുന്ന് സ്വദേശി കൊന്നക്കൽ ജോസഫിന്റെയും ലീലയുടെയും മകൻ ആൽബിൻ ജോസഫാണ് (21) മരിച്ചത്. വെള്ളിയാഴ്ച അടിമാലി ജ്യോതിസ്സ് ഐ.ടി.സിയിൽനിന്ന് സഹപാഠികൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ ആൽബിൻ വൈകീട്ട് 3.30ഓടെ ചെറായി ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. അധ്യാപകരും വിദ്യാർഥികളും അടക്കം 23 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ കരക്കടിഞ്ഞ ആൽബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ എത്തിച്ച് ഞായറാഴ്ച രാത്രി വൈകി കനകക്കുന്ന് സെന്റ് ജൂഡ് പള്ളിയിൽ സംസ്കരിച്ചു. സഹോദരി: ചിഞ്ചു.